Tuesday, April 5, 2011

ചരിത്രവിജയം ഉറപ്പിച്ച് കുഞ്ഞിരാമന്‍

ഉദുമ: ചരിത്രവിജയം ഉറപ്പിച്ച് എട്ട് പഞ്ചായത്തുകളില്‍ അഞ്ച് ദിവസത്തെ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ഡിഎഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ ഒന്നാംഘട്ടം പര്യടനം പൂര്‍ത്തിയായി. സ്വീകരണകേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്.
പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയും ഹാരാര്‍പ്പണം നടത്തിയുമാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ വരവേറ്റത്. ഉദുമ, ചെമ്മനാട് തീരദേശ പഞ്ചായത്തുകളിലാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. രാവിലെ മുതിയക്കാലില്‍ നിന്നാരംഭിച്ച പര്യടനം ചട്ടഞ്ചാല്‍-പള്ളത്തിങ്കാലിലാണ് സമാപിച്ചത്.
പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വസിക്കുന്ന തീരദേശ മേഖലയില്‍ കോടികളുടെ പദ്ധതികള്‍ നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ ഉദുമ മണ്ഡലവും ഒറ്റക്കെട്ടാണെന്ന വിളംബരമായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബേക്കല്‍, കോട്ടിക്കുളം, ചെമ്പരിക്ക പ്രദേശങ്ങളില്‍ സ്ത്രീകളടക്കം നിരവധി പേര്‍ സ്വീകരിക്കാനെത്തി. ബേക്കല്‍, അജാനൂര്‍ എന്നിവിടങ്ങളില്‍ ഫിഷ്‌ലാന്‍ഡിങ് സെന്ററുകള്‍, ബേക്കലില്‍ മത്സ്യവിജ്ഞാന കേന്ദ്രം, കടലാക്രമണം തടയുന്നതിന് കടല്‍ ഭിത്തി, മൈലാട്ടിയില്‍ ഉദുമ ടെക്‌സ്റ്റയില്‍സ് മില്ല്, ഉദുമ-നാലാംവാതുക്കല്‍ റോഡിന് കുറകെയുള്ള റെയില്‍വേ ഫുട്ഓവര്‍ ബ്രിഡ്ജ്, ഉദുമ ടൗണിലെ നേഴ്‌സിങ് കോളേജ്, ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് തൃക്കണ്ണാട് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ വികസന മുന്നേറ്റത്തിന്റെ അടയാളങ്ങളായി പര്യടന വഴികളില്‍ തിളങ്ങി നിന്നു.
ഐഎന്‍എല്‍ ശക്തികേന്ദ്രമായ കളനാട്, ചെമ്പരിക്ക, മേല്‍പറമ്പ്, തെക്കില്‍ ഫെറി എന്നിവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ തെരുവു നാടകവും അരങ്ങേറി.
വിവിധ കേന്ദ്രങ്ങളില്‍ കെ വി കുഞ്ഞിരാമന്‍ എംഎല്‍എ, ഇ കെ നായര്‍, പി ദിവാകരന്‍, എം ലക്ഷ്മി, നാരായണന്‍ കുന്നൂച്ചി, ഓമന രാമചന്ദ്രന്‍, കരുണാകരന്‍ ഇട്ടക്കാട്, കെ മണികണ്ഠന്‍, പി സുകുമാരി, കെ കൃഷ്ണന്‍, വി രാജന്‍, വി മോഹനന്‍, എന്‍ കെ മനോജ്, എം എ കുഞ്ഞബ്ദുള്ള, ഷാഫി, കെ വി ബാലകൃഷ്ണന്‍,പി ഇസ്മയില്‍, കെ സന്തോഷ്‌കുമാര്‍, പി മണിമോഹന്‍, ഇ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
രണ്ടാംഘട്ട പര്യടനം ബുധനാഴ്ച ആരംഭിക്കും. രാവിലെ കടുമനയില്‍ ആരംഭിച്ച് ഹിദായത്ത് നഗര്‍, കണ്ണങ്കോല്‍, പഞ്ചിക്കാല്‍-കല്ലടുക്ക, പഞ്ചളം, ബദന, ചേടിമൂല, എടപ്പറമ്പ്, മുദുവത്ത് മൂല, തീര്‍ഥക്കര, ബേത്തൂര്‍പ്പാറ, കുറ്റിക്കോല്‍, പ്ലാവിലായ, പുളുവഞ്ചി, അണ്ണപ്പാടി, ബണ്ടങ്കൈ, പുളിഞ്ചാല്‍, ബീട്ടിയാടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കരിവേടകത്ത് സമാപിക്കും.

No comments:

Post a Comment