Tuesday, March 22, 2011

ജനമനസ് കീഴടക്കി കെ കുഞ്ഞിരാമന്‍

ഉദുമ: ജനഹൃദയം കീഴടക്കി ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ ആദ്യഘട്ട പ്രചാരണ പരിപാടികള്‍ സജീവമായി. മണ്ഡലത്തിലെ സ്ഥാപനങ്ങളിലും ടൌണുകളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യഥിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടന്നുവരുന്നത്.
മണ്ഡത്തിലെ പഴയകാല നേതാക്കളെയും പ്രവര്‍ത്തകരെയും മുതിര്‍ന്ന വ്യക്തികളെയും വീട്ടില്‍ ചെന്നുകണ്ട് വോട്ടഭ്യര്‍ഥിച്ചു. കഴിഞ്ഞ നാലുദിവസങ്ങളില്‍ പള്ളിക്കര, മുളിയാര്‍, ഉദുമ, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളിലാണ് സന്ദര്‍ശനം നടത്തിയത്. എതിര്‍ കക്ഷികള്‍ സ്ഥാനാര്‍ഥിയെ പോലും തീരുമാനിക്കാനാകാതെ നട്ടംതിരിയുമ്പോഴാണ് കെ കുഞ്ഞിരാമന്‍ ഒന്നാംഘട്ട പ്രചാരണത്തില്‍ ബഹുദൂരം മുന്നിട്ടുനില്‍ക്കുന്നത്. ചൊവ്വാഴ്ച പൂല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പെരിയ ബസ്സ്റോപ്പ്, ബസാര്‍, കല്ല്യോട്ട്, അമ്പലത്തറ, പുല്ലൂര്‍, ചാലിങ്കാല്‍ എന്നിവിടങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. പരിസര പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ചും വോട്ടഭ്യര്‍ഥിച്ചു. തെയ്യംകെട്ട് മഹോത്സവത്തിന്റെ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്ന പനയാല്‍ കോട്ടപ്പാറയില്‍ സ്ഥാനികരും മഹോത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് സ്നേഹനിര്‍ഭരമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വരവേറ്റു. ബുധനാഴ്ച ചെമ്മനാട് പഞ്ചായത്തില്‍ പര്യടനം നടത്തും. 24 ന് ദേലംപാടി, 25 ന് കുറ്റിക്കോല്‍, 26 ന് ബേഡഡുക്ക പഞ്ചായത്തുകളില്‍ സ്ഥാപനങ്ങളിലും കടകളിലും സന്ദര്‍ശിക്കുന്നതോടെ ഒന്നാംഘട്ട പ്രചാരണ പരിപാടി അവസാനിക്കും. രണ്ടാംഘട്ടം 27 മുതല്‍ 30 വരെ രണ്ട് പഞ്ചായത്തുകളില്‍ ഒരു ദിവസം എന്ന നിലയില്‍ ചെലവഴിക്കും. പൊതുപര്യടന പരിപാടി 31 ന് ആരംഭിക്കും. ദേലംപാടി പഞ്ചായത്തിലാണ് ആദ്യദിവസത്തെ പര്യടനം. മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, പുല്ലൂര്‍ പെരിയ, പള്ളിക്കര, ചെമ്മനാട്, ഉദുമ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ഒന്നാംഘട്ടം പൊതുപര്യടനം ഏപ്രില്‍ അഞ്ചിന് പൂര്‍ത്തിയാക്കും. രണ്ടാംഘട്ടം ആറുമുതല്‍ ഒമ്പതുവരെ നടക്കും. ലോക്കല്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഏപ്രില്‍ ആറുമുതല്‍ പത്തുവരെ നടക്കും. 29 ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കാനത്തൂരിലും കുണ്ടംകുഴിയിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

No comments:

Post a Comment